കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച കോടതി നിർദേശത്തിനു വിരുദ്ധമായി നിയമഭേദഗതി. നിലവിലെ നിയമങ്ങൾ ഏതെങ്കിലും തരത്തിൽ ഭേദഗതി ചെയ്യണമെങ്കിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റി മുഖേന പാസാക്കിയെടുക്കണമെന്ന കീഴ്വഴക്കവും പാലിച്ചിട്ടില്ല. ഇക്കഴിഞ്ഞ 21ന് എക്സിക്യുട്ടീവ് ഉത്തരവിലൂടെ അസാധാരണ ഗസറ്റ് വിജ്ഞാപനം നടത്തിയാണ് ഭേദഗതി നടപ്പിലാക്കിയത്.
മോട്ടോർ വാഹന വകുപ്പിൽ ജോയിന്റ് ആർടിഒ തസ്തികയിലേക്കുള്ള ഉദ്യോഗ കയറ്റത്തിൽ രണ്ടു മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെ പരിഗണിക്കുമ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നുള്ള ഒരു സീനിയർ സൂപ്രണ്ടിനെയോ ജൂണിയർ അക്കൗണ്ട്സ് ഓഫീസറെയോ ഉൾപ്പെടുത്തിയുള്ള 2:1 എന്ന അനുപാതമാണ് മാറ്റിമറിച്ചത്.
അനുപാതം 8:1 എന്ന രീതിയിലാണ് പരിഷ്കരിച്ചത്. ഇതോടുകൂടി എട്ട് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോയിന്റ് ആർടിഒ തസ്തികളിലേക്ക് ജോലിക്കയറ്റം നൽകുമ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രമെ പരിഗണിക്കുകയുള്ളൂ. 2:1 എന്ന അനുപാതത്തിൽത്തന്നെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗക്കയറ്റ സാധ്യത കുറവാണ്.
നേരത്തേ വാഹന രജിസ്ട്രേഷൻ, വാഹനങ്ങളുടെ പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങൾ പൊളിക്കൽ, അതിർത്തി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചിരുന്നത് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായിരുന്നു. പുതിയ വാഹനങ്ങൾ രജിസ്ട്രേഷനായി പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതോടെ രജിസ്ട്രേഷന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ആവശ്യമില്ലാതായിട്ടുണ്ട്.
കൂടാതെ വാഹനം പുതുക്കൽ ഓൺലൈനാക്കിയതും പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് കെഎസ്ആർടിസി, അർധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള എന്നിവയ്ക്കും നൽകിയതോടെ ഇവിടെയും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ടതില്ല. സമീപഭാവിയിൽത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായും അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്ററുകൾക്ക് (എപിടിസി) കൈമാറും. ഈ സെന്ററുകൾതന്നെ കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ ടെസ്റ്റ് നടത്തും.
വിജയിക്കുന്നവർക്ക് സെന്ററുകളുടെ സർട്ടിഫിക്കറ്റ് സഹിതം മോട്ടോർവാഹന വകുപ്പിൽ നൽകുന്ന അപേക്ഷയിൽ ലൈസൻസ് നൽകുന്ന ജോലി മാത്രമാണ് വകുപ്പിനുണ്ടാകുക. ഇതോടെ നിലവിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ജോലി വാഹന പരിശോധനയിലും പിഴയീടാക്കലിലും ഒതുങ്ങും. ഈ സാഹചര്യത്തിൽ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരെ മറ്റിടങ്ങളിലേക്ക് പുനർവിന്യസിക്കേണ്ടി വരുമെന്ന ചർച്ച നടക്കുന്നതിനിടെയാണ് നിയമഭേദഗതി വരുത്തിയത്.